കൊല്ലം: പാരിപ്പള്ളി കരിമ്പാലൂരിൽ അമ്മയും മകനും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. കരിമ്പാലൂർ നിധി ഭവനിൽ ലൈന ( 43 ), മകൻ പോളിടെക്നിക് വിദ്യാർഥി പ്രണവ് (20) എന്നിവരെയാണ് വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാത്രിയോടെയാണ് വിവരം പുറത്തറിയുന്നത്. ലൈനയുടെ ഭർത്താവ് പ്രേംജി വിദേശത്താണ്. അമ്മയും മകനും മാത്രമായിരുന്നു വീട്ടില് താമസം. ഫോൺ എടുക്കാത്തതിനാൽ ലൈനയുടെ അടുത്ത ബന്ധു അന്വേഷിച്ചെത്തിയപ്പോൾ ഗേറ്റും വീടും അടച്ചിട്ട നിലയിലായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ ലൈനയെ വീട്ടിലെ കിടപ്പുമുറിയിലെ ഫാനിലും മകൻ പ്രണവിനെ മറ്റൊരു കിടപ്പുമുറിയിലെ ജനാലയിലും തൂങ്ങി മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു. പ്രണവിന്റെ സഹോദരൻ എറണാകുളത്ത് പഠിക്കുകയാണ്.
കട ബാധ്യതയാകാം ആത്മഹത്യക്ക് പിന്നിലെന്നാണ് നിഗമനം. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല. ഇരുവരുടെയും ഫോണ് പോലീസ് പരിശോധിച്ചെങ്കിലും സംശായസ്പദമായി ഒന്നും കണ്ടെത്താനായിട്ടില്ല.
പാരിപ്പള്ളി പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം സംസ്കരിച്ചു.